ശിവരാത്രി: ചില ചിന്താശകലങ്ങള്‍ – ശങ്കരനാരായണന്‍
ശിവരാത്രി – ചില ചിന്താശകലങ്ങള്‍
പാലാഴി കടഞ്ഞസമയത്ത് അമൃതിനു മുമ്പേ ഉദ്ഗമിച്ച കാലകൂടം ( കാളകൂടം എന്ന് മലയാളത്തില്‍) എന്ന വിഷം ലോകമംഗളത്തിനായി ശ്രീ പരമേശ്വരന്‍ പാനം ചെയ്ത ദിനമാണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. തികച്ചും അവിശ്വസനീയമായ കഥ!
മുപ്പത്തിമുക്കോടി ദേന്മാര്‍ ഉണ്ടായിട്ടും എന്തിന് ശ്രീ പരമേശ്വരന്‍കാലകൂടം പാനം ചെയ്തു?
മറ്റൊന്ന് കാലകൂടം വിഷമാണെന്നറിഞ്ഞ് പാനം ചെയ്തു എന്നതിലുമുണ്ട് വൈരുദ്ധ്യം
അപ്പോള്‍ കഥയെന്താകാം? പൊരുളെന്താകാം?(പൊരുളറിയാതെ കഥ മാത്രം വിശ്വസിക്കുന്നവരാണല്ലോ നാം)
മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹംദുഃഖനിവൃത്തി എന്നൊന്ന് മാത്രമാണ്.
പാലാഴിമഥനകഥയുടെ മൂലം നോക്കിയാല്‍ ഇതു കാണാം. ദേവന്മാര്‍ക്ക് വിധിവശാല്‍ വന്നുപെട്ട ജരാനര എന്ന ദുഃഖത്തെ ഇല്ലാതാക്കാനാണല്ലോ അമൃതലാഭത്തിനായി പാലാഴി കടയുന്നത്. ( ദൈവം മറിച്ചു കരുതീടിലരക്ഷണത്താല്‍ ദേവന്‍ വെറും പുഴു മഹാബ്ധി മരുപ്രദേശം!!)
പാലാഴി സംസാരസാഗരം തന്നെ ആണ് . അമൃതും (അമരത്വവും) കാലകൂടവും ഇതിലാണ് ഉള്ളത്. അശ്രീയും ശ്രീയും വന്നതും ഇതില്‍ നിന്നു തന്നെ. കാലസൂചകങ്ങളായ സൂര്യചന്ദ്രന്മാരുടെ ഉദ്ഭവസ്ഥാനവും അനന്തമായ പാലാഴി തന്നെ.
ദുഃഖനിവൃത്തിക്കുള്ള ഉപായമെന്താണ്? സത്യാന്വേഷണം തന്നെ – അതിന്റെ തലങ്ങള്‍ ശ്രവണം മനനം നിദിധ്യാസനം എന്നിവയത്രെ. ൧ ശ്രവണം – തത്വത്തെ കുറിച്ച് സാമാന്യമായി കേട്ടറിയല്‍ ൨ മനനം – തത്ത്വത്തെ കുറിച്ച് മനസ്സില്‍ ചിന്ത ചെയ്തുറപ്പിക്കല്‍ ൩ നിദിധ്യാസനം – തത്ത്വധ്യാനം (സമാധ്യവസ്ഥ)
ഇപ്പറഞ്ഞവയിലെ രണ്ടാമത്തെ തലമാണ് പാലാഴിമഥനം സൂചിപ്പിക്കുന്നത്. അമരത്വത്തിനു മുമ്പായി സംസാരത്തിനെ കടയുക തന്നെ വേണം. ചെയ്തതും ചെയ്യുന്നതും ഇനി ചെയ്യേണ്ടി വരുന്നതുമായ കര്‍മ്മങ്ങളെ പറ്റി, സുഖദുഃഖങ്ങളെ പറ്റി, അങ്ങനെയെല്ലാമെല്ലാം. കടയപ്പെടണം
ഈ കടയല്‍ എല്ലാ മനുഷ്യരിലും എല്ലാ മനസുകളിലും എല്ലാ കാലത്തും നടക്കുന്നുണ്ട്. ഒരു വശത്ത് ദേവസംഘം മറുവശത്ത് അസുരസംഘം ആയി മനസ്സ് അനുസ്യൂതമായി പ്രപഞ്ചപാലാഴി കടഞ്ഞുകൊണ്ടിരിക്കുന്നു.
ആ കടയലില്‍ തികട്ടി വരുന്ന അനൈശ്വര്യങ്ങളും ഐശ്വര്യങ്ങളും കാണാം. ബലവത്തായ യൗവനം കാണാം….. ക്ഷീണിതവാര്‍ദ്ധക്യങ്ങളെ കാണാം……
ഇവിടെയാണ് കാലകൂടത്തിന്റെ പ്രസക്തി. സംസാരം സുഖദുഃഖസമ്മിശ്രമാകയാല്‍ അമരത്വത്തിന്നു മുമ്പായി കാലകൂടംഉദ്ഗമിച്ചേ മതിയാകൂ. അത്പാനം ചെയ്യപ്പെടേണ്ടതുമാണ്. അഥവാ ശാശ്വതശാന്തിക്കു മുന്പുള്ള സംസാരദുഃഖത്തെ നാം സ്വീകരിച്ചേ മതിയാകൂ. അനിവാര്യമായ അത് കര്‍മ്മഫലങ്ങളുടെ ആകെത്തുകയാണല്ലോ . സ്വീകരിക്കാതെ നിവൃത്തിയില്ല. പിന്നെ എന്താണൊരു വഴി?
ഒന്നു മാത്രം … അതിനെയും ഈശ്വരാര്‍പ്പണമാക്കി ജീവിക്കുക. ശിവന്‍ തന്നെ ഈശ്വരന്‍
ഇപ്പോള്‍ മനസിലായല്ലോ ശിവന്‍ കാലകൂടം പാനം ചെയ്തു എന്നതില്‍ കേവലം വിഷപാനം അല്ല ഉദ്ദേശിക്കുന്നത് മറിച്ച് നിഷ്കാമകര്‍മ്മം തന്നെ ആണ് അത്
നമ്മുടെ ജീവിതത്തെ അനന്തമായ കാലവുമായി യോജിപ്പിക്കുന്നത് കര്‍മ്മങ്ങളും കര്‍മ്മവാസനകളും കര്‍മ്മഫലങ്ങളുമാണ്. അവയെല്ലാം ഈശ്വരാര്‍പ്പണമാക്കുക തന്നെ ഇവിടെ പറയുന്ന കാലകൂടവിഷപാനം നമുക്കും ഈ തത്വത്തെ അറിഞ്ഞാരാധിക്കാം
ശിവരാത്രി ആശംസകള്‍
–ശങ്കര്‍ജി കൊടകര
sankarjikodakara@gmail.com phone – 9744780455
Leave a Reply