*കേരളപ്പിറവി* ===============*ഹരിപ്രസാദ് കടമ്പൂര്.

അമ്മയ്ക്കില്ല പിറന്നാളും
സദ്യയും കോടിവസ്ത്രവും
ഷഷ്ടിപൂര്‍ത്തികഴിഞ്ഞിട്ടും
എത്തിയില്ലമ്മയെങ്ങുമേ!

ആര്‍ക്കും വേണ്ടാതെ നോക്കാതെ
ചിതല്‍ മാറാലകെട്ടിയും
കിടക്കും വീട്ടിലാണമ്മ
കിടന്നീടുന്നതിപ്പൊഴും

നൂറായിരം പൊന്നുമക്കള്‍-
ക്കമ്മയാണവളെങ്കിലും
അനാഥയായ്ക്കിടപ്പായീ
തെക്കോട്ടു തലവച്ചവള്‍

അവളോതുന്നൊരാ ഭാഷ-
കേള്‍ക്കാനിഷ്ടപ്പെടാത്തവര്‍
മറ്റുള്ളവയ്ക്കു പിന്നാലെ
പായുന്നൂ നീചബുദ്ധികള്‍

മരിച്ചുപോവതിന്‍ മുന്നെ
അമ്മ മൂടിപ്പുതച്ചിടും
പച്ചോടം കൈയ്ക്കലാക്കാനായ്
ശ്രമിപ്പൂ ചില കോവിദര്‍

പെറ്റമാതാവിനെ, പൊന്നു-
വിളയിക്കുന്ന ധാത്രിയെ
മുറിച്ചു വിറ്റു കാശാക്കി
കീശവീര്‍പ്പിക്കയാം ചിലര്‍

ആര്‍ക്കും വേണ്ടാത്തൊരീയമ്മ
ചക്രശ്വാസം വലിക്കവേ
പട്ടടത്തീയൊരുക്കാനാ-
യൊരുക്കൂട്ടുകയാം ചിലര്‍

പെറ്റാലുമില്ല ചത്താലും
പുലയെന്നുള്ള മട്ടിലായ്
നിര്‍ജ്ജീവമിങ്ങിരിപ്പുണ്ട്
ചില സാഹിത്യമൗനികള്‍.

ഇതൊന്നു മറിയാതെങ്ങോ
വാഴുന്ന നയകോവിദര്‍
കോവിദാരധ്വജത്തിന്റെ
കാറ്റുകൊള്ളും തിരക്കിലാം

അമ്മയ്ക്ക് വായ്ക്കരിയിടാന്‍
അരിയും തേടിയോടിനാന്‍
സപ്തശൈലങ്ങളും താണ്ടി
ചില തത്പരകക്ഷികള്‍

തുലവര്‍ഷമഴക്കാറില്‍
വന്നിറങ്ങേണ്ടൊരാ മകള്‍
അമ്മയെ ത്തൊട്ടുതഴുകാന്‍
മടിച്ചെങ്ങോ ഗമിക്കയായ്

മുക്കിത്തുടക്കുവാന്‍ പോലും
ആവാതമ്മ കുഴങ്ങവേ
വിണ്ടുകീറുന്നിതാ ദേഹം
വെള്ളരിക്കണ്ടമെന്നപോല്‍

അമ്മതന്‍ കൈപിടിക്കേണ്ട
നവയൗവനമിപ്പൊഴും
മരുന്നിന്റെ മയക്കത്തില്‍
എങ്ങോ വീണുകിടപ്പിലായ്

സാന്ത്വനോക്തികളോതേണ്ട
ബുദ്ധവാര്‍ദ്ധക്യമെപ്പൊഴും
ഹരിസ്മരണയില്ലാതെ
ലഹരിയ്ക്കായ് ഗമിക്കായ്

തീപുയ്ക്കാത്ത വീടിന്റെ
പുറം തിണ്ണയിലിപ്പൊഴും
അനാഥബാല്യം ചോറിന്നായ്
കൈനീട്ടി വിലപിപ്പതും

രാവിന്‍ മൗനം മുറിച്ചെങ്ങോ
പെണ്‍മക്കള്‍ കരയുന്നതും
നെഞ്ചുകീറിപ്പിളര്‍ന്നേതോ
മകന്‍ കൊലവിളിപ്പതും

ആസന്നമൃത്യുവാ,മമ്മ
അസ്പഷ്ടം കേട്ടു ഞെട്ടവേ
പിറന്നാളിന്‍ പ്രഘോഷത്തി-
നൊരുങ്ങീ ചില സജ്ജനം.
… … …. ….

ഈമട്ടെങ്ങും പ്രപഞ്ച-പ്രകടനനടുവില്‍
പെട്ടു ശ്വാസം വലിക്കാ-
നാവാതേറെക്കുഴങ്ങും ജനനി!
തവ പിറന്നാളഹോ! മോദപൂര്‍വ്വം
പുത്രന്മാര്‍ *പുത്-ഇതിപ്പേര്‍ പെരുകിയ നരകത്തീന്ന് മോക്ഷം തരേണ്ടോര്‍*
കൊണ്ടാടിക്കണ്ടിടുമ്പോള്‍ ചിലതിഹ പറയു-
ന്നിന്നു ഞാന്‍ ഖേദപൂര്‍വം..
😥😥🙏🏻🙏🏻😥😥

5 Responses to *കേരളപ്പിറവി* ===============*ഹരിപ്രസാദ് കടമ്പൂര്.

  1. NeenaRatheesh says:

    നല്ല കവിത

  2. Manoj kannur....... says:

    അത്യുത്തമം…..

  3. Sreekumar says:

    ഉത്തമം

  4. വിജയൻ വി പട്ടാമ്പി says:

    കേരളപ്പിറവിയിൽ ചില അപ്രിയ സത്യങ്ങൾ വിടവിയെന്ന് എഴുതിയ ഹരിപ്രസാദിന് അഭിനന്ദനങ്ങൾ!!

Leave a Reply

Your email address will not be published. Required fields are marked *