ലക്ഷണസഹിതം മലയാള – സംസ്കൃത വൃത്തങ്ങള്‍ – വിഹഗാവലോകനം – Sankaranarayanan
ലക്ഷണസഹിതം മലയാള – സംസ്കൃത വൃത്തങ്ങള്‍ – വിഹഗാവലോകനം
–ശങ്കര്‍ജി കൊടകര
വൃത്തം എന്നാല്‍ എന്താണ് ?
പദ്യം വാര്‍ക്കുന്ന തോതല്ലോ
വൃത്തമെന്നിഹ ചൊല്‍വത്
ഹ്രസ്വാക്ഷരത്തെ ലഘു എന്നും ദീര്‍ഘാക്ഷരത്തെ ഗുരു എന്നും വൃത്തശാസ്ത്രത്തില്‍വ്യവഹരിക്കുന്നു .അതനുസരിച്ച് മൂന്നക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു ഗണം എന്ന് കണക്കാക്കിയാണ് വൃത്തം നിര്‍ണ്ണയിക്കുന്നത്
ഗണം ഗണിക്കേണ്ടും പ്രകാരം
ആദിമദ്ധ്യാന്ത്യ വര്‍ണ്ണങ്ങള്‍
ലഘുക്കള്‍ യരതങ്ങളില്‍
ഗുരുക്കള്‍ ഭജസങ്ങള്‍ക്കു
ഗലങ്ങള്‍ മനമാത്രമാം
ലഘുവിനെ Uചിഹ്നം കൊണ്ടും
ഗുരുവിനെ _ ചിഹ്നം കൊണ്ടും സൂചിപ്പിക്കുന്നു
-
ഗുരുലഘുവിന്യാസക്രമം
ഗണത്തിന്റെ പേര്
ഉദാഹരണം
ചിഹ്നം
അക്ഷരം
ആദിലഘു
യഗണം
സലീലം
U_ _
യ
മദ്ധ്യലഘു
രഗണം
രാഗിണീ
_ U _
ര
അന്ത്യലഘു
തഗണം
സുരസാ
_ _ U
ത
ആദിഗുരു
ഭഗണം
നീരജ
_ U U
ഭ
മദ്ധ്യഗുരു
ജഗണം
രാധികാ
_ U_
ജ
അന്ത്യഗുരു
സഗണം
അനഘാ
U U_
സ
സര്‍വ്വഗുരു
മഗണം
പാതാളം
_ _ _
മ
സര്‍വ്വലഘു
നഗണം
വിവശ
U U U
ന
ഭാഷാവൃത്തങ്ങളില്‍ ഓരോ വരിയിലും വരുന്ന ലഘു ഗുരു എന്നിവയുടെ എണ്ണം കണക്കാക്കിയാണ് വൃത്തം നിര്‍ണ്ണയിക്കുന്നത് . അവയില്‍ തന്നെ ചിലേടത്ത് ലഘുവിനെ നീട്ടി ചൊല്ലി ഗുരുവാക്കി കണക്കാക്കാം സംസ്കൃതവൃത്തങ്ങളില്‍ ആര്യാ ഗീതി വൈതാളീയം തുടങ്ങിയവയില്‍ ഗുരുലഘുക്കള്‍ ഉച്ചരിക്കുന്ന മാത്ര ( സമയദൈര്‍ഘ്യം) കണക്കാക്കിയാണ് വൃത്തഗണന .
കേക
മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം
പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം
മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദി–
പ്പൊരുത്തമിതു കേകയാം.
(ഉദാ – രാമായണം കിളിപ്പാട്ട് ബാലകാണ്ഡം ആരണ്യകാണ്ഡം യുദ്ധകാണ്ഡം)
മഞ്ജരി
ശ്ളഥകാകളി വൃത്തത്തില്‍
രണ്ടാം പദത്തില്‍ അന്ത്യമായ്
രണ്ടക്ഷരം കുറഞ്ഞീടി–
ലതു മഞ്ജരിയായിടും
(ഉദാഹരണം – കൃഷ്ണഗാഥ )
കാകളി
` മാത്രയഞ്ചക്ഷരം മൂന്നില്‍
വരുന്നോരു ഗണങ്ങളെ
എട്ടു ചേര്‍ത്തുള്ളീരടിക്കു
ചൊല്ലാം കാകളിയെന്നു പേര്‍
(ഉദാഹരണം –രാമായണം കിളിപ്പാട്ട് അയോദ്ധ്യാ കാണ്ഡം കിഷ്കിന്ധാകാണ്ഡം
കളകാഞ്ചി
കാകളിക്കാദ്യപാദാദൗ
രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടി–
ലുളവാം കളകാഞ്ചികേൾ.
(ഉദാഹരണം –രാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡം)
മണികാഞ്ചി
കാകളിക്കുള്ള പാദങ്ങൾ
രണ്ടിലും പിന്നെയാദിമം
ഗണം മാത്രം ലഘുമയ–
മായാലോ മണികാഞ്ചിയാം..
മിശ്രകാകളി
ഇച്ഛപോലെ ചിലേടത്തു
ലഘുപ്രായഗണങ്ങളെ
ചേർത്തും കാകളി ചെയ്‌തിടാ–
മതിൻപേർ മിശ്രകാകളി.
ഊന കാകളി
രണ്ടാം പാദാവസാനത്തിൽ
വരുന്നോരു ഗണത്തിനു
വർണമൊന്നു കുറഞ്ഞീടി–
ലൂനകാകളിയാമത്.
അന്നനട
ലഘുപൂർവം ഗുരു പര–
മീമട്ടിൽ ദ്വ്യക്ഷരംഗണം
ആറെണ്ണം മര്‍ദ്ധ്യയതിയാ
ലർദ്ധിതം, മുറിരണ്ടിലും
ആരംഭേ നിയമം നിത്യ–
മിതന്നനടയെന്ന ശീൽ.
( ഉദാഹരണം – മഹാഭാരതം കിളിപ്പാട്ട്കര്‍ണ്ണപര്‍വ്വം)
നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)
ഗണം ദ്വ്യക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തില്‍ മറ്റതില്‍
ഗണമാറര നില്‍ക്കേണം
രണ്ടുമെട്ടാമതക്ഷരേ
ഗുരു തന്നെയെഴുത്തല്ല–
യിശ്ശീലിന്‍ പേര്‍ നതോന്നത
(ഉദാഹരണം – രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്)
ദ്രുത കാകളി
രണ്ടു പാദത്തിലും പിന്നെ–
യന്ത്യമായ ഗണത്തിന്
വർണമൊന്നു കുറഞ്ഞെന്നാൽ
ദ്രുതകാകളി കീർത്തനെ.
തരംഗിണി. ( തുള്ളല്‍ കൃതികളിലെ മുഖ്യമായ വൃത്തം)
ദ്വിമാത്രം ഗണമെട്ടെണ്ണം
യതിമദ്ധ്യം തരംഗിണി.
(കുഞ്ചന്‍ നമ്പിയാരുടെ കൃതികള്‍)
അർദ്ധകേക
കേകാപാദത്തെയർദ്ധിച്ചാ–
ലർദ്ധകേകയതായിടും
ഊനതരംഗിണി
രണ്ടാം പാദേ ഗണം രണ്ടു
കുറഞ്ഞൂനതരംഗിണി
അജഗരഗമനം
ലഘുപ്രായം ചതുർമ്മാത്രം
ഗണമാറൊരു ദീർഘവും
ചേർന്നു വന്നാലജഗര–
ഗമനാഭിധവൃത്തമാം
കുലേന്ദുവദനാ
ഇഹേന്ദുവദനാവൃത്തേ
മാത്രയ്ക്കൊത്തു ലഘുക്കളെ–
ഇടവിട്ടു ഗുരുസ്ഥാനേ
ചെയ്‌തിട്ടു ലഘുവൊന്നഥ
ഒടുവിൽ ചേർത്തതാം വൃത്തം
കുലേന്ദുവദനാഭിധം
സര്‍പ്പിണി
ദ്വ്യക്ഷരം ഗണമൊന്നാദ്യം
ത്ര്യക്ഷരം മൂന്നതിൽപരം
ഗണങ്ങൾക്കാദിഗുരുവാം
വേറൊന്നും ത്ര്യക്ഷരങ്ങളിൽ
മറ്റേതും സർവഗുരുവായ്
വരാം കേളിതു സർപ്പിണീ.
കല്യാണി
കല്യാണി തഗണം മൂന്നു
ഗുരു രണ്ടോടുചേരുകിൽ
സംസ്കൃത വൃത്തങ്ങള്‍
സംസ്കൃത വൃത്തങ്ങള്‍ മൂന്നു തരം
സമവൃത്തം – നാലു പാദങ്ങളിലും തുല്യ എണ്ണം അക്ഷരങ്ങള്‍
അര്‍ദ്ധസമവൃത്തം – ഒന്നും മൂന്നും തുല്യ എണ്ണം അക്ഷരങ്ങള്‍ റണ്ടും നാലും അതുപോലെ തന്നെ
വിഷമവൃത്തം – നാലു പാദങ്ങളിലും അക്ഷരസംഖ്യ വിഭിന്നമായിവരുന്ന വൃത്തങ്ങള്‍ എട്ടക്ഷരം മുതല്‍ ഇരുപത്തി ആറു അക്ഷരം വരെയുള്ളവയെ വൃത്തം എന്നും അതിനു മുകളിലുള്ളവയെ ദണ്ഡകം എന്നും പറയുന്നു.
ഇന്ദ്രവജ്രാ (इन्द्रवज्रा)
കേളിന്ദ്രവജ്രക്കു തതം ജഗംഗം ഗണവ്യവസ്ഥ – തതജ ഗുരു ഗുരു
स्यादिन्द्रवज्रा यदि तौ जगौगः
ഉപേന്ദ്രവജ്രാ (उपेन्द्रवज्रा)
ഉപേന്ദ്രവജ്രക്കു ജതം ജഗംഗം ഗണവ്യവസ്ഥ – ജതജ ഗുരു ഗുരു
उपेन्द्रवज्रा जतजास्तगौगः
ഉപജാതി (उपजातिः)
അഥേന്ദ്രവജ്രാഘ്രിയുപേന്ദ്രവജ്രാ
കലര്‍ന്നു വന്നാലുപജാതിയാകും
अनन्रोदीरितलक्ष्मभाजौ पादौ यदीयादुपजातयस्तः
ദ്രുതവിളംബിതം (द्रुतविलंम्बितम्)
ദ്രുതവിളംബിതമാം നഭവും ഭരം ഗണവ്യവസ്ഥ – നഭഭര
द्रुतविलम्बितमाह नभौ भरौ।
രഥോദ്ധത (रथोद्धता)
രന്നരങ്ങള്‍ ലഗവും രഥോദ്ധതാ ഗണവ്യവസ്ഥ –ര ന ര ലഘു ഗുരു
रन्नराविह रथोद्धता लगो
വംശസ്ഥം ( वंशस्थम्)
`ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും ഗണവ്യവസ്ഥ– ജതജര
जतौ तु वंशस्थमुदीरितं जरौ।
മഞ്ജുഭാഷിണി (मञ्जुभाषिणी)
സജസംകഴിഞ്ഞു ജഗം മഞ്ജുഭാഷിണി ഗണവ്യവസ്ഥ – സ ജ സ ജ ഗുരു
सजसा जगौ भवति मञ्जुभाषिणी।
വസന്തതിലകം (वसन्ततिलका)
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം ഗണവ്യവസ്ഥ ത ഭ ജ ജ ഗുരുഗുരു
उक्ता वसन्ततिलका तभजौजगौगः।
സ്വാഗതാ (स्वागता)
സ്വാഗതക്കു രനഭം ഗുരുയുഗ്മം ഗണവ്യവസ്ഥ – രനഭ ഗുരു ഗുരു
स्वागतेति रनभात् गुरुयुग्मम्।
പഞ്ച ചാമരം (पञ्चचामरम्)
ജരം ജരം ജഗം നിരന്നു പഞ്ച ചാമരം വരും ഗണവ്യവസ്ഥ – ജ ര ജ ര ജ ഗുരു
जरौ जरौ जगाविदं वदन्ति पञ्चचामरं ।
മാലിനി (मालिनी)
നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് ഗണവ്യവസ്ഥ – ന ന മ യ യ യ
ननमयययुतेयं मालिनी भोगिलोकैः। यति – (യതി) – 7 8 അക്ഷരങ്ങളില്‍
ശിഖരിണി (शिखरिणी)
യതിക്കാറില്‍ തട്ടും യമനസഭലംഗം ശിഖരിണി ഗണവ്യവസ്ഥ – യമനസഭ ലഘു ഗുരു
रसैःरुद्रैश्छिन्ना यमनसभलागः शिखरिणी। यति – (യതി) –6 11അക്ഷരങ്ങളില്‍
മന്ദാക്രാന്താ (मन्दाक्रान्ता) (സന്ദേശവൃത്തം എന്ന് പ്രസിദ്ധി)
മന്ദാക്രാന്താ മഭനതതഗം നാലുമാരറേഴുമായ്ഗം ഗണവ്യവസ്ഥ – മ ഭ ന ത ത ഗുരു ഗുരു
मन्दाक्रान्ता जलधिषडकैर्भौभनौ ताद्गुरू चेत्। यति – (യതി) – 4 6 അക്ഷരങ്ങളില്‍
ശാര്ദ്ദൂല വിക്രീഡിതം (शार्दूलविक्रीडितम्)
പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്ദ്ദൂലവിക്രീഡിതം
ഗണവ്യവസ്ഥ – മ സ ജ സ ത ത ഗുരു
सूर्याशवैर्मसजस्ततः सगुरवः शार्दूलविक्रीडितम्। यति – (യതി) – 12 ല്‍
സ്രഗ്ദ് ധരാ (स्रग्धरा)
ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ് ധരാ വൃത്തമാകും
ഗണവ്യവസ്ഥ – മ ര ഭ ന യ യ യ
म्रभ्नर्याणां त्रयेण त्रिमुनियतियुता स्रग्धरा कीर्तितेयम्। यति – (യതി) – 7 14 അക്ഷരങ്ങളില്‍
കുസുമമഞ്ജരീ (कुसुममञ्जरी)
രം നരം നരനരം നിരന്നുവരുമെങ്കിലോ കുസുമമഞ്ജരി
रात्परौ नरनरौ क्रमात्भवति चेद्धि सा कुसुममञ्जरी ।
ഗണവ്യവസ്ഥ – ര ന ര ന ന ര ന ര
യതി – ദീര്‍ഘവൃത്തങ്ങളുടെ ആലാപനസൗകര്യത്തിനായി കല്പിക്കപ്പെട്ട താല്‍ക്കാലികമായുള്ള വിരാമസ്ഥാനം.
അര്‍ദ്ധസമവൃത്തങ്ങള്‍
ഈ വിഭാഗത്തിലെ വൃത്തലക്ഷണങ്ങളിലെ സമം എന്നതുകൊണ്ട് ഒന്ന് മൂന്ന് എന്നീ പാദങ്ങളേയും വിഷമം എന്നതുകൊണ്ട് രണ്ട് നാല് എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്
പുഷ്പിതാഗ്ര
നനരയവിഷമത്തിലും സമത്തില്‍
പുനരിഹ നം ജജരംഗ പുഷ്പിതാഗ്ര
अयुजि नयुगरेफतो यकारो
युजि च ननौ जरगश्च पुष्पिताग्रा।
ഗണവ്യവസ്ഥ – സമപാദങ്ങളില്‍ – ന ന ര യ ( 1&3)
വിഷമപാദങ്ങളില്‍ – ന ജ ജ ര ഗുരു (2&4)
വിയോഗിനീ (വിരഹവര്‍ണ്ണനയ്ക്ക് പ്രസിദ്ധി രഘുവംശത്തിലെ അജവിലാപം കുമാരസംഭവത്തിലെ രതിവിലാപം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവ വിയോഗിനീ വൃത്തത്തില്‍ രചിക്കപ്പെട്ടവയാണ്)
സസജം വിഷമത്തിലും സമത്തില്‍
സഭരം ലം ഗുരുവും വിയോഗിനി
विषमे ससजाः गुरू समे
सभराल्लोथ गुरुर्वियोगिनी।
ഗണവ്യവസ്ഥ – സമപാദങ്ങളില്‍ –സ സ ജ ( 1&3)
വിഷമപാദങ്ങളില്‍ – സ ഭ ര ലഘു ഗുരു (2&4)
N B :- വിഷമവൃത്തങ്ങള്‍ കാവ്യങ്ങളില്‍ പ്രസിദ്ധമല്ലാത്തതുകോണ്ടും ഉദാഹരണങ്ങള്‍ വിരളമായതുകൊണ്ടും ഇവിടെ പ്രതിപാദിക്കുന്നില്ല
Additional Questions and Answers
1വൃത്തശാസ്ത്രത്തിന്റെ അപരനാമം – ഛന്ദശ്ശാസ്ത്രം
2 ഛന്ദശ്ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് – പിംഗളന്‍
3ഛന്ദശ്ശാസ്ത്രത്തെ വേദപുരുഷന്റെ ഏതവയവമായാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത് – പാദം
4വൃത്തരത്നാകരം എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത് ആര് – കേദാരഭട്ടന്‍
5കാളിദാസ പ്രണീതമായ വൃത്തശാസ്ത്രഗ്രന്ഥം – ശ്രുതബോധം
6വൃത്തമഞ്ജരി എന്ന മലയാളവൃത്തശാസ്ത്രഗ്രന്ഥം രചിച്ചത് ആര് – എ ആര്‍ രാജരാജവര്‍മ്മ
7കാന്തവൃത്തം എന്ന വൃത്തശാസ്ത്രഗ്രന്ഥം രചിച്ചത് ആര് – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍
8 ഛന്ദസ്സുകള്‍ എത്ര എണ്ണം – ഇരുപത്തിയാറ്
9 കുമാരനാശാന്റെ കരുണയിലെ വൃത്തം – നതോന്നത
10 വീണപ്പൂവ് എതു വൃത്തത്തില്‍ രചിക്കപ്പെട്ടതാണ് – വസന്തതിലകത്തില്‍ (കരുണരസമാണെങ്കിലും)
11വൃത്തശില്പം എന്ന ഗ്രന്ഥംരചിച്ചത് ആര് – കുട്ടികൃഷ്ണമാരാര്‍
മലയാളകൃതികള്‍ വൃത്തങ്ങള്‍
൧ ബന്ധനസ്ഥനായ അനിരുദ്ധന്‍ വസന്തതിലകം
൨ നളിനി രഥോദ്ധത
൩ ലീല പുഷ്പിതാഗ്ര
൪ കര്‍ണ്ണഭൂഷണം മഞ്ജരി
൫ മയൂരസന്ദേശം മന്ദാക്രാന്താ
൬ എന്റെ ഗുരുനാഥന്‍ കേക
൭ ആത്മാവില്‍ ഒരുചിത കാകളി
൮ മാമ്പഴം കേക
൯ മഗ്ദലനമറിയം മാകന്ദമഞ്ജരി
൧൦ മാനസാന്തരം വിയോഗിനി
൧൧ നാരായണീയം – രാസക്രീഡ കുസുമമഞ്ജരി
൧൨ ഭാഗവതം ഗോപികാഗീതം സ്രഗ്വിണീ
൧൩ ഹരിവരാസനം സമ്മതാ
൧൪ നാരായണീയം – പൂതനാമോക്ഷം ദ്രുതവിളംബിതം
വൃത്തം |
മലയാളലക്ഷണം |
സംസ്കൃതലക്ഷണം |
ഗണവ്യവസ്ഥ |
തോടകം तोटकम् |
സഗണം കില നാലിഹ തോടകമാം |
वदतोटकमब्धिसकारयुतम् |
സ സ സ സ |
ദോധകം दोधकम् |
മൂന്നു ഭ രണ്ടു ഗ ദോധകവൃത്തം |
दोधकवृत्तमिदं भभभाद्गौ |
ഭ ഭ ഭ ഗുരു |
പൃഥ്വീ पृथ्वी |
ജസം ജസലയങ്ങളും ഗുരുവുമെട്ടിനാല്‍ പ്രഥ്വിയാം |
जसौजसलया वसुग्रहयतिश्च पृथ्वी गुरु |
ജ സ ജ സ യ ലഘു ഗുരു |
ഹരിണീ हरिणी |
നസമഹരിണിക്കാദ്യം പത്തും മുറിഞ്ഞു തസം ലഗം |
ന സ മ ത സ ലഘു ഗുരു |
|
സ്രഗ്വിണീ स्रग्विणी |
നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം |
रैश्चतुर्भिर्युता स्रग्विणी कीर्तिता |
ര ര ര ര |
ഭുജംഗപ്രയാതം भुजङ्गप्रयातम् |
യകാരങ്ങള്‍ നാലോ ഭുജംഗപ്രയാതം |
भुजङ्गप्रयातं भवेद्यैश्चतुर्भिः |
യ യ യ യ |
ഇന്ദുവദന इन्दुवदना |
ഇന്ദുവദനക്കു ഭജസം ന ഗുരു രണ്ടും |
ഭ ജ സ ന ഗുരു |
|
മത്തേഭം मत्तेभम् |
മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം |
व दृश्यते |
ത ഭ യ ജ സ ര ന ഗുരു |
വിദ്യുന്മാല विद्युन्माला |
മം മം ഗം ഗം വിദ്യുന്മാല |
मो मो गो गो विद्युन्माला |
മ മ ഗുരു ഗുരു |
ശാലിനീ शालिनी |
शालिन्युक्ता मौ भनौ तौगयुग्मम् |
മ ഭ ന ത ഗുരു ഗുരു |
Prepared By –
SANKARANARAYANAN.A
H S S T ( SANSKRIT)
GOVT. SANSKRIT H S S THRIPUNITHURA
Phone 9744780455
E Mail ID sankarjikodakara@gmail.com sankarpurnavedi@gmail.com
മന്ദാക്രാന്ദയുടെ മലയാളം ലക്ഷണം
നാലുമാറേഴ് പോരേ ഒരു ര അധികം കാണുന്നു
കൊള്ളാം
അന്ത്യലഘു ഉദാഹരണത്തിൽ, സുരസാക്ക് പകരം ദുരാശ ഉപയോഗിച്ചാലോ? ശരിയാവുമോ? മദ്ധ്യഗുരു രാധികക്ക് പകരം നിലീന ആക്കിയാലോ?
അധര്‍മ്മോ ധര്‍മ്മ ഏവ ച എന്നാക്കിയാല്‍ അനുഷ്ടുപ്പ് ആകും
ജഗനാഥ എന്ന് പോരാ ജഗന്നാഥ ആവണം
അരിർമിത്രം വിഷം പഥ്യം
അധർമ്മോ ധർമ്മ ഏവ
അനുകൂലെ ജഗനാഥേ
വിപരീതേ വിപര്യയെ
ഇതിൽ ഒരു പാദത്തിൽ 7അക്ഷരം ഉള്ളു ഏതു വൃത്തം ഏതാണ് വ്യത്യാസം എന്നു പറയാമോ
സംസ്കൃത വൃത്തത്തിൽ ഉള്ള മലയാളം കൃതികൾ ഏതൊക്കെയാണ് എന്ന് പറയാമോ?
ഒട്ടേറെ ലയാളകൃതികള്‍ സംസ്കൃതവൃത്തത്തില്‍ രചിക്കപ്പട്ടിട്ടുണ്ട്
धन्यवादाः ।
ഉദാഹരണങ്ങള്‍ കൂടുതല്‍ ചേര്ത്താല്‍ നന്ന് എന്നാശിച്ചുപോയി,ഓഡിയോയും
ശ്രമിക്കാം
വിയോഗിനീ
വിഷമേ സസജം ഗവുംസമേ
സഭരം ലം ഗുരുവും വിയോഗിനീ .
അജഗരഗമനം എന്നാ വൃത്തതിന്റെ ലക്ഷണം അറിയുന്നവർ ദയവായി പറഞ്ഞുതരുമോ…?
നമസ്തേ,
അധികം വിജ്ഞാനപ്രദമാണ് ഈ യുള്ളവന് അതുഷ്ടുപ്പു വൃത്തത്തിൽ എഴുതിയ ശ്രീ നാരായണ ഗുരുദേവൻ്റെ ദൈവദശകം എന്ന കൃതി ആലപിക്കുമ്പോൾ വേണ്ടുന്ന നിയമം പറഞ്ഞു തരുമല്ലോ.
അബദ്ധവും സുബദ്ധവും
——————————
*അന്ത്യലഘു | തഗണം| സുരസാ | _ _ U
U U —
[ സുരസാ ]അന്ത്യഗുരു- സഗണമാണ്
— — U
താരുണ്യ താ രു ണ്യ
————————————–
*മദ്ധ്യഗുരു | ജഗണം | രാധികാ | _ U_
— U —
[ രാധികാ ] മദ്ധ്യലഘു- രഗണമാണ്
U — U
ജയിക്ക | U — U [ ജ യി ക്ക ]
——————————
അന്നനട
ലഘുപൂർവം ഗുരു പര–
മീമട്ടിൽ ദ്വ്യക്ഷരംഗണം
ആറെണ്ണം *മര്‍ദ്ധ്യയതിയാ [മദ്ധ്യയതിയാ}
ലർദ്ധിതം, മുറിരണ്ടിലും
ആരംഭേ നിയമം നിത്യ–
മിതന്നനടയെന്ന ശീൽ.
————————————–
നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)
ഗണം ദ്വ്യക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തില്‍ മറ്റതില്‍
ഗണമാറര നില്‍ക്കേണം
രണ്ടുമെട്ടാമതക്ഷരേ
ഗുരു തന്നെയെഴുത്തല്ല–* [ഗുരുതന്നെയെഴുത്തെല്ലാ- ]
യിശ്ശീലിന്‍ പേര്‍ നതോന്നത [മിശ്ശീലിൻപേർ……..]
—————————————————–
അര്‍ദ്ധസമവൃത്തം – ഒന്നും മൂന്നും തുല്യ എണ്ണം
അക്ഷരങ്ങള്‍ റണ്ടും* നാലും അതുപോലെ തന്നെ {രണ്ടും]
————————————————————
ഉപജാതി (उपजातिः)
*അഥേന്ദ്രവജ്രാഘ്രിയുപേന്ദ്രവജ്രാ
[അത്രേന്ദ്രവജ്രാംഘൃയുപേന്ദ്രവജ്രാ ]
കലര്‍ന്നു വന്നാലുപജാതിയാകും
—————————————-
രഥോദ്ധത (रथोद्धता)
*രന്നരങ്ങള്‍ ലഗവും രഥോദ്ധതാ
[ രം നരം ലഗുരുവും രഥോദ്ധതാ]
—————————————
മാലിനി (मालिनी)
നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക്
ഗണവ്യവസ്ഥ – ന ന മ യ യ യ* (18) [ ന ന മ യ യ ] [15]
*ननमयययुतेयं मालिनी भोगिलोकैः। यति – (യതി) – 7* 8 അക്ഷരങ്ങളില്‍
ननमययुतेयं
——————————————–
കുസുമമഞ്ജരീ (कुसुममञ्जरी)
രം നരം നരനരം നിരന്നുവരുമെങ്കിലോ കുസുമമഞ്ജരി
रात्परौ नरनरौ क्रमात्भवति चेद्धि सा कुसुममञ्जरी ।
ഗണവ്യവസ്ഥ – ര ന ര ന ന ര ന ര” (24)
[ ര ന ര ന ര ന ര][21]
——————————————–
അര്‍ദ്ധസമവൃത്തങ്ങള്‍
ഈ വിഭാഗത്തിലെ വൃത്തലക്ഷണങ്ങളിലെ
സമം* എന്നതുകൊണ്ട് ഒന്ന്, മൂന്ന്* എന്നീ
പാദങ്ങളേയും വിഷമം* എന്നതുകൊണ്ട്
രണ്ട്, നാല്* എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്
[ഈ വിഭാഗത്തിലെ വൃത്തലക്ഷണങ്ങളിലെ
സമം[Even} എന്നതുകൊണ്ട് രണ്ട്, നാല് എന്നീ
പാദങ്ങളേയും വിഷമം{Odd] എന്നതുകൊണ്ട്
ഒന്ന്, മൂന്ന്എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്]
——————————————–
പുഷ്പിതാഗ്ര
നനരയവിഷമത്തിലും സമത്തില്‍ [12]
പുനരിഹ നം ജജരംഗ പുഷ്പിതാഗ്ര* [13] [ പുഷ്പിതാഗ്രാ]
अयुजि नयुगरेफतो यकारो
युजि च ननौ जरगश्च पुष्पिताग्रा।
ഗണവ്യവസ്ഥ – സമപാദങ്ങളില്‍ – ന ന ര യ ( 1&3)*
[വിഷമപാദങ്ങളില്‍]
വിഷമപാദങ്ങളില്‍ – ന ജ ജ ര ഗുരു (2&4)*
[ സമപാദങ്ങളില്‍]
——————————————————-
വിയോഗിനീ
സസജം വിഷമത്തിലും സമത്തില്‍
സഭരം ലം ഗുരുവും വിയോഗിനി
ഗണവ്യവസ്ഥ – *സമപാദങ്ങളില്‍ –സ സ ജ ( 1&3)
[വിഷമപാദങ്ങളില്‍]
*വിഷമപാദങ്ങളില്‍ – സ ഭ ര ലഘു ഗുരു (2&4)
[സമപാദങ്ങളില്‍]
———————————————-
Prajeev Nair
Cherukunnu, Kannur
വളരെ കാലം മുമ്പു പഠിച്ചത് ഓർമ്മിക്കാനും പഠിപ്പിച്ച സുഭദ്രാമ ടീച്ചറിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു….
ജ്ഞാനോദ്ദീപകം മാഷേ. നന്ദി. വൃത്തങ്ങൾക്ക് ലഘു, ഗുരു ഗണം തിരിച്ചുള്ള ഉദാഹരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നെന്ന് ആഗ്രഹിക്കുന്നു.
I had left the subject 43 years ago by SSLC in 1977. Now when I wanted it again today, the descriptions you have given here are very, very helpful to refresh, though more details and efforts I need put for the purpose I searched it.
It also reminded me some of my close relations too, my grand father who had learned sanskrit and taught me the lakshanas of many vrttams very pleasantly at his old ages, each with an example, and sweetly, and my 10th Malayalam Teacher Mrs. Mary Mathew of St. George’s High School, Paarathodu, Konnathady, Idukki, district, who both introduced me to the field of poetry, vrttam, and alankaaram that helped me in my rare and strenuous attempts to write a few personal poems, and though I couldn’t pursue the line later.
Thank You, Thank You, Very Much Sir, Thank you….
വളരെ വിജ്ഞാനപ്രദം. അഭിനന്ദനങ്ങൾ.
നതോന്നതയിൽ ‘ഗുരു തന്നെ എഴുത്തെല്ലാം’ എന്നാണോ വേണ്ടത്?
മന്ദാക്രാന്താ മഭനതതഗം നാലുമാരറേഴുമായ്ഗം (നാലുമാറേഴുമായ്ഗം) — മഭനതജഗം എന്ന് ഒരിടത്തു കണ്ടു. ഏതാണ് ശരി?
V good information about vruthangal
Thank you. Sir
വിഷമം സമം തിരിഞ്ഞു പോയില്ലേ
പുഷ്പിതാഗ്ര വിവരിച്ചപ്പോൾ തെറ്റി എന്നു തോന്നുന്നു
കൊള്ളാം. ഓരോ വൃത്തത്തിനും ഉദാഹരണമായി വരികൾ ചേർത്തിരുെങ്കിൽ കൂടുതൽ ഉപകാരെട്ടേനെ
മഞ്ജുഭാഷിണി ലക്ഷണത്തിൽ
സസജം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി.. ജഗം എന്നു വന്നാൽ ലക്ഷണം മഞ്ജുഭാഷിണിയിലാവില്ല.
ടൈപ്പിംഗ് പിഴയാകാം.
മധു കുട്ടംപേരൂർ
രാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡം കാകളിയിലാണ്. കേകയുടെ ഉദാഹരണത്തിൽ വന്നു പോയിട്ടുള്ളത് നോക്കുമല്ലോ? ഉപജാതിയുടെ ലക്ഷണം
അത്രേന്ദ്ര വജ്രാംഘി ഉപേന്ദ്രവജ്ര…. എന്നു തുടങ്ങിയാലേ ലക്ഷണവും ഉപജാതിയിലാകൂ.
മധു കുട്ടംപേരൂർ
വളരെ ഉപകാരപെട്ടു ❤️👏👏👏
Very nice, useful and concise…
One doubt isnt തഗണം example സുരസാ wrong?
pls clarify
Also can u pls provide two line classic examples of the ഭാഷാവൃത്തങ്ങള്‍ as its hard to understand from their ലക്ഷണങ്ങള്‍ {where as my teacher had told that സംസ്കൃത വൃത്തങ്ങള്‍ have their ലക്ഷണം in the same വൃത്തം so no need for another example.}
മലയാളവ്യാകരണത്തെ സംബന്ധിച്ച ആധികാരികമായ വൃത്തമഞ്ജരി ,ഭാഷാഭൂഷണം & കേരളപാണിനീയം എന്നീ എ ആർ രാജരാജവർമ്മാ കൃതികളുടെ PDF പതിപ്പുകൾ താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്
http://books.sayahna.org/ml/pdf/vm-main.pdf
http://books.sayahna.org/ml/pdf/bbh-web.pdf
http://books.sayahna.org/ml/pdf/keralapanineeyam.pdf
Prajeev Nair,
Cherukunnu, Kannur
THANKS, SIR
മത്തേഭം വൃത്തം അടിസ്ഥാനപ്പെടുത്തി ഉള്ള കവിതകൾ ഏതൊക്കെ ആണ് ?
ഇതിൽ ശ്ലഥകാകളി വൃത്തത്തിന്റെ ലക്ഷണം ഇല്ല, അതുകൂടി ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
ശ്ലഥ കാകളി എന്ന ഒരു വൃത്തമുള്ളതായി അറിവില്ല. കാകളിയിൽ ശ്ലഥത്വം അതായത് അയവു വരുത്തിയെടുത്ത വൃത്തമാണ് മഞ്ജരി എന്ന അർത്ഥമാണവിടെ
കാകളിയിൽ നിർബന്ധമായും വേണ്ട മഗണം മഞ്ചരിക്ക് വേണ്ട . അതു കൊണ്ട് ശ്ലഥ കാകളി എന്ന് പ്രയോഗിച്ചിരിക്കുന്നു. അങ്ങനെ ഒരു വൃത്തം ഇല്ല.
ജയനാഥ് ജെ, താങ്കൾക്ക് തെറ്റ് പറ്റി .കാകളിയിൽ മഗണം [ സർവ്വഗുരു- ആറ് മാത്ര] ഒഴിച്ച് ഏത് ഗണവുമാകാം.
“മാത്രയഞ്ചക്ഷരം മൂന്നില്‍
വരുന്നോരു ഗണങ്ങളെ
എട്ടു ചേര്‍ത്തുള്ളീരടിക്കു
ചൊല്ലാം കാകളിയെന്നു പേര്‍”
അഞ്ചുമാത്ര കിട്ടുന്ന വിധത്തിൽ മൂന്നക്ഷരം ചേർത്തത് ഒരു ഗണം. അതായത് രണ്ടു ഗുരുവും ഒരു ലഘുവും ഉള്ള രഗണമോ, തഗണമോ, യഗണമോ ആവും.
ലഘുക്കളെ നീട്ടി ഗുരുവാക്കാവുന്നതിനാൽ നഗണം, ഭഗണം, സഗണം, ജഗണം എന്ന നാലുഗണങ്ങളേയും ഉപയോഗിക്കാം.
ഗുരുവിനെക്കുറയ്ക്കുക അപൂർവമാകയാൽ മാത്ര ഏറിപ്പോകുന്ന മഗണം മാത്രം ഈ വൃത്തത്തിൽ പ്രയോഗിപ്പാൻ പാടില്ലെന്നുവരുന്നു.
സർവലഘുവിന് അക്ഷരം മൂന്നിലധികം വരുന്നതിനാൽ[ 5- അക്ഷരം] ഇവിടെ ഗണിക്കാനില്ല.
എന്നാൽ മഞ്ജരിയോ
“ശ്ലഥകാകളിവൃത്തത്തിൽ
രണ്ടാം പാദത്തിലന്ത്യമാം
രണ്ടക്ഷരം കുറച്ചീടി-
ലതു മഞ്ജരിയായിടും.”
കാകളിയുടെ ഗണമൊന്നും മഗണമാകരുതെന്നു പറഞ്ഞിട്ടുണ്ട്.
മഞ്ജരിയിൽ ആ നിയമം വേണ്ട. അതാണ് ‘ശ്ലഥകാകളി’എന്നു പറഞ്ഞത്.
– u – – – u – u -* – -* u
ഉദാ: മേനകാ/മുമ്പായ/മാനിനി/മാരുടെ
– u -* – – – – -* u –
മേനിയെ/നിർമ്മിപ്പാൻ/മാതൃക/യായ്
[കൃഷ്ണഗാഥ]
*ഗുരുവാക്കാമിച്‌ഛപോലെ പാടി നീട്ടി ലഘുക്കളെ
രണ്ടാംപാദത്തിൽ രണ്ടാംഗണം “മഗണ” മാണ്.
Prajeev Nair
Cherukunnu, Kannur
നന്ദി മാഷേ
വളരെ നന്ദി സർ..
बहूपकारकोयं परिश्रमः सर्वधा अभिनन्दनार्हश्च।
ശ്ലഥകാകളിയും കാകളിയും ഒന്നുതന്നെയാണോ
ശ്ലഥകാകളി എന്നൊരു വൃത്തമില്ല
വളരെ ഉപകാരപ്രദം മാഷെ, അഭിനന്ദനങ്ങള്‍….വളരെയേറെ നന്ദി…
ഹരിദധീശ്വരം ആരാധ്യ പാദുകം തെറ്റാണ് ആര്യപാദുകം എന്നേ ആകാവൂ, സമ്മതാ വൃത്തത്തിൽ 11അക്ഷരങ്ങളും രണ്ടു മാത്രയുമേ പാടുള്ളു, reply തരുമോ
ഋശ്യചാതുരം എന്നാണത്
ആര്യപാദുകം എന്നു വരില്ല
ഹരിദധീശ്വരം ആര്യപാദുകം
സ്വരസന്ധി വരുന്നുണ്ട്
അം കഴിഞ്ഞ് ആ വരില്ല
ഋശ്യം എന്നാൽ അപൂർവ്വയിനം വെളുത്ത മാൻ
ചാതുരം എന്നാൽ നാലു ചക്രങ്ങളുള്ള രഥം
എന്റെ ഫേസ്ബുക്കിൽ ( സന്ദീപ് വേരേങ്കിൽ ) എല്ലാം വിശദമാക്കിയിട്ടുണ്ട്
ഇതു കൂടാതെ മറ്റനേകം തിരുത്തലുകൾ ഈ കവിതയിലുടനീളമുണ്ട്
നിങ്ങൾ ചൊല്ലാൻ വേണ്ടി മുറിക്കുന്നതു കൊണ്ടാണ്. ശരിയായ രീതി
ഹരിദധീശ്വരാരാധ്യ പാദുകം
എന്നാണ് ( 11 അക്ഷരം )
അതേ
ഒരേ ഛന്ദസിൽ പല വൃത്തങ്ങൾ ഉണ്ട്
വൃത്തശാസ്ത്രത്തിന്റെ അപരനാമം – ഛന്ദശ്ശാസ്ത്രം. ഇത് ശരിയാണോ?
“ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ളക്ലിപ്തിയാം” അത് പ്രകാരം ഒരേ ഛന്ദസില്‍ തന്നെ വിവിധ വൃത്തങ്ങള്‍ ഉണ്ടല്ലോ.
ഛന്ദശ്ശാസ്ത്രം എന്നാണ് ശരിയായ നാമം, വൃത്തശാസ്ത്രം എന്നല്ല. ഗണവൃത്തങ്ങളെ വൃത്തം എന്നും മാത്രവൃത്തങ്ങളെ ജാതി എന്നും ആയിരുന്നു പറഞ്ഞുവന്നത്. വൃത്തംജാതിരിതി ദ്വിധാ -എന്ന് ആചാര്യ ദണ്ഢി.
26 ഛന്ദസ്സുകളിലായി കോടിയിലധികം വൃത്തങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടവയേ അഥവാ പ്രയോഗസൗകര്യമുള്ളവയെ മാത്രം കവികള്‍ ഉപയോഗിക്കുനനു. ഒരക്ഷരമുള്ള ഛന്ദസ് ഉക്താ, രണ്ടുള്ളത് അത്യുക്താ, എന്നിങ്ങനെ അവയ്ക്ക് പേരുമുണ്ട്. എട്ടക്ഷരമുള്ള അനുഷ്ടുപ്പ് ഛന്ദസാണ് വൃത്തമല്ല, അനുഷ്ടുപ്പ് ഛന്ദസില്‍ 256 വൃത്തങ്ങളുണ്ട്. അതിലൊന്നാണ് നാം അനുഷ്ട്പ്പ് അഥവാ ശ്ലോകം എന്നുപറയുന്നത്. വിദ്യുന്മാല,തുടങ്ങിയ അനേകം വൃത്തങ്ങള്‍ അനുഷ്ടുപ്പിലുള്ളതാണ്.
ഓരോ ഛന്ദസ്സിലും എത്ര വൃത്തങ്ങള്‍ ഉണ്ടെന്നറിയുന്നതിന് പ്രസ്താരക്രിയ എന്നൊരു രീതിയുണ്ട്. അത് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് മേരുപ്രസ്താരം എന്നപേരില്‍ നവവാണിയിലെ ഡൗണ്‍ലോട്സില്‍ കുറേ മുന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേരുപ്രസ്താരം।ഖണ്ഡമേരു ഗണനക്രിയ ഉപയോഗിച്ച് ത്രിഷ്ടുപ്പ്(12)
ഛന്ദസ് വരെ ചിലപ്പോൾ സമവൃത്തങ്ങളുടെ എണ്ണം കാണാൻ കഴിഞ്ഞേക്കും. പിന്നീടങ്ങോട്ട് അക്കങ്ങളുടെ സംഖ്യ വർദ്ധിക്കുന്നതിനാൽ Foolscap Chart-Paper ആണെങ്കിൽത്തന്നെ സ്ഥലമുണ്ടാവില്ല . അപ്പോൾ
ഖണ്ഡമേരു ഗണനക്രിയ Calculator ന്റെ സഹായത്താൽ താഴെക്കൊടുത്ത Formula ഉപയോഗിച്ച് ചെയ്യാം.
ഛന്ദസ്സിലെ അക്ഷരങ്ങളുടെ എണ്ണം’ n ‘എങ്കിൽ
സമവൃത്തങ്ങളുടെ എണ്ണം = 2*n
അർദ്ധസമവൃത്തങ്ങളുടെ എണ്ണം= 2*2n – 2*n
വിഷമവൃത്തങ്ങളുടെ എണ്ണം = 2*4n – 2*2n
ആകെ വൃത്തങ്ങളുടെ എണ്ണം = 2*4n
NB: * denotes raised to or the power of
Notepad ൽ exponent type ചെയ്യാൻ പറ്റുന്നില്ല
ഉദാ: അനുഷ്ടുപ്പ് ഛന്ദസ്സിലെ വൃത്തങ്ങളുടെ എണ്ണം
അക്ഷരങ്ങളുടെ എണ്ണം = 8
സമവൃത്തങ്ങളുടെ എണ്ണം = 2*8 = 256
അർദ്ധസമവൃത്തങ്ങളുടെ എണ്ണം = 2*16 – 2*8
= 65536 – 256
= 65280
വിഷമവൃത്തങ്ങളുടെ എണ്ണം = 2*32 – 2*16
= 4294967296 – 65536
= 4,29,49,01,760
ആകെ വൃത്തങ്ങളുടെ എണ്ണം = 2*32
= 4,29,49,67,296
————————————–
ഉൽകൃതി(26) ഛന്ദസ്സിലെ }
സമവൃത്തങ്ങളുടെ എണ്ണം = 2*26
=67108864
ആകെ വൃത്തങ്ങളുടെ എണ്ണം } 2*104
= 20282409603651670423947251286016
————————————–
ആകെ 26 ഛന്ദസ്സുകളിലെ സമവൃത്തങ്ങളുടെ എണ്ണം
= 13,42,17,726
Prajeev Nair
Cherukunnu, Kannur
അനുഷ്ടുപ്പ് ഛന്ദസ്സിൽ [ഒരുവരിയിൽ 8-അക്ഷരം] തന്നെ അനുഷ്ടുപ്പ് എന്ന പേരുള്ള ഒരുവൃത്തവുമുണ്ട്.
“ഏതുമാവാമാദ്യവർണ്ണം;
നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വർജ്ജ്യം;
പിന്നെ നാലിന്റെ ശേഷമായ്
സമത്തിൽ ജഗണം വേണം;
ജസമോജത്തിൽ വർജ്ജ്യമാം.
ഇതാണാനുഷ്ടുഭത്തിന്റെ
ലക്ഷണം കവിസമ്മതം”
താഴെപ്പറയുന്ന പേരുകളും അനുഷ്ടുപ്പ് വൃത്തത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
1.ആനുഷ്ടുഭം
2.പദ്യം
3.ശ്ലോകം
അനുഷ്ടുപ്പ് ഛന്ദസ്സിൽ [ഒരുവരിയിൽ 8-അക്ഷരം] ഉള്ളതിനാൽ “Permutation & Combination Method” പ്രകാരം 2 raised to 8 = 256 സമവൃത്തങ്ങൾക്ക് സാദ്ധ്യതയുണ്ട്. പക്ഷെ ഉദാഹരണത്തിനായിട്ടാണെങ്കിൽകൂടി ” ഒറ്റശ്ലോകങ്ങൾ” പോലും ആരും രചിച്ചതായി അറിവില്ല.
ഇതിനുപുറമെ അർദ്ധസമവൃത്തപ്രകരണം, വിഷമവൃത്തപ്രകരണം എന്നിവ പ്രകാരം വൃത്തങ്ങൾ വേറെയുമുണ്ടാക്കാം.
Prajeev Nair
Cherukunnu, Kannur
മലയാളത്തിലോ സംസ്‌കൃതത്തിലോ ‘ഇന്ദ്രാണി’ എന്ന ഒരു വൃത്തം ഉണ്ടോ?
സംസ്കൃതത്തിൽ ഇന്ദ്രാ എന്ന വൃത്തമുള്ളതായി വൃത്തരത്നാകരത്തിൽ പറയുന്നു
ഓഡിയോ Hyperlink ചെയ്ത് ചേർക്കുന്നതിനു പരിശ്രമിക്കാം
നിർദ്ദേശങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദിപൂർവ്വകമായ പ്രണതി
धन्यवादाः
നന്നായിട്ടുണ്ട് ഓരോവൃത്തത്തിനും ഓഡിയോ കൂടി ഉണ്ടായിരുന്നൽ കറേകൂടി. ഭംഗമായാകും
സത്യം
नतिर्मे तुभ्यं सर्वदा
बहूपकारकमिदं
वृत्तविहगावलोकनम्।
നന്ദി…
THANK YOU SIR.
धन्यवादः
വളരെയേറെ നന്ദി…
വളരെ ഉപകാരപ്രദം മാഷെ, അഭിനന്ദനങ്ങള്‍….