മൂകാംബികാസ്തുതിപഞ്ചകം: Sankarji Kodakara

മൂകാംബികാസ്തുതിപഞ്ചകം

ശങ്കര്‍ജി കൊടകര

1

സന്താപനാശനിപുണാം സകലാഭിവന്ദ്യാം

സദ്ബുദ്ധിദാനവ്രതദീക്ഷിത ചിത്പ്രകാശാം

മൂകായ വാഗമൃതദാനപരാം മഹേശീം

മൂകാംബികാം ഭഗവതീം ശരണം പ്രപദ്യേ

അര്‍ത്ഥം സന്താപത്തെ നശിപ്പിക്കുന്നവളും എല്ലാവരാലും അഭിവന്ദ്യയും സദ്ബുദ്ധിയെ പ്രദാനം ചെയ്യുന്നതില്‍ വ്രതമെടുത്ത ചിത്പ്രകാശയും മൂകനെന്ന കവിക്ക് (മൂകന്മാര്‍ക്കും) വാക്കാകുന്ന അമൃതം പ്രദാനം ചെയ്തവളും ആയ മൂകാംബികാ ഭഗവതിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

2

കാര്യം മയാംബ! തവ പാദയുഗാര്‍ച്ചനം ഹി

ജപ്യം ഹി ദേവി! തവ നാമസഹസ്രകാണി

ധ്യേയം ത്വദീയവരദാഭയചാരുരൂപം

മൂകാംബികാം ഭഗവതീം ശരണം പ്രപദ്യേ.

അര്‍ത്ഥം അമ്മേ ! അവിടുത്തെ പാദപൂജ ചെയ്യുക എന്നതാണ് എന്റെ കര്‍ത്തവ്യം .ഹേ ദേവി !ഞാന്‍ ജപിക്കേണ്ടത് അവിടുത്തെ ആയിരക്കണക്കിന് വരുന്ന നാമജാലങ്ങളെ മാത്രം. അങ്ങയുടെ വരാഭയമായ മനോഹരരൂപത്തെ ആണ് ഞാന്‍ ധ്യാനിക്കേണ്ടത് . മൂകാംബികാഭഗവതിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

3

യാ ഹ്യാപഭൂമ്യനിലതേജവിയത്സ്വരൂപാന്‍

ധ‍ൃത്വാ Sഥ പാതി സകലാനി ചരാചരാണി

യാ ശാങ്കരീ പ്രണവതത്ത്വമയീ ച യാസ്താം

മൂകാംബികാം ഭഗവതീം ശരണം പ്രപദ്യേ.

അര്‍ത്ഥം യാതൊരു ദേവിയാണോ ജലം ഭൂമി വായു തേജസ് ആകാശം എന്നീ രൂപങ്ങളെ ധരിച്ച് (അവയെ സൃഷ്ടിച്ച് )സകലചരാചരങ്ങളേയും രക്ഷിക്കുന്നത് , പ്രണവതത്ത്വമയിയായ സരസ്വതിയും ശിവശക്തിയായ ശാങ്കരീദേവിയുമായി ആരാണോ നില കൊള്ളുന്നത് ആ മൂകാബികാദേവിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

4

ഷഡ്വൈരിപാടനചണാം ത്രിഗുണാതിരൂപാ

മഷ്ടപ്രദാനനിപുണാം ജഗദേകനാഥാം

ത്രയ്യന്തരാര്‍ത്ഥരതഭൂമിസുരാഭിവന്ദ്യാം

മൂകാംബികാം ഭഗവതീം ശരണം പ്രപദ്യേ.

അര്‍ത്ഥംകാമം ക്രോധം ലോഭം മോഹം മദം മാത്സര്യം തുടങ്ങിയ ആറു ശത്രുക്കളെ നശിപ്പിക്കുന്നതില്‍ നിപുണയും സത്വം രജസ് തമസ് എന്നീ ഗുണങ്ങള്‍ക്ക് അതീതമായ രൂപമുള്ളവളും അഷ്ടൈശ്വര്യപ്രദായിനിയും ജഗത്തിന് ഏകനാഥയും മൂന്ന് വേദങ്ങളുടെ അന്തരാര്‍ത്ഥവിചിന്തനത്തില്‍ മുഴുകിയ ഭൂസുരന്മാരാല്‍ (പണ്ഡിതന്മാരാല്‍) അഭിവന്ദ്യയുമായ മൂകാംബികാദേവിയെ ഞാന്‍ ശരണം പ്രാപിക്കുന്നു .

5

യസ്യാഃ സ്മൃതിര്‍ഹരിഹരേന്ദ്രദിഗീശദേവ

വൃന്ദസ്യ സര്‍വ്വവിജയപ്രഥമോ ഹി ഹേതുഃ

യാമാമനന്ത്യഖിലവര്‍ണ്ണമയീതി വേദൈഃ

താമംബികാം ഭഗവതീം ശരണം പ്രപദ്യേ.

അര്‍ത്ഥം വിഷ്ണു ശിവന്‍ ഇന്ദ്രന്‍ തുടങ്ങിയ ദിഗ്ദേവന്മാര്‍ അടങ്ങിയ ദേവവൃന്ദത്തിന്റെ സകല വിജയത്തിനും ആദ്യ കാരണമാകുന്നത് യാതൊരു ദേവിയുടെ സ്മരണയാണോ, സകല വര്‍ണ്ണസ്വരൂപയായി യാതൊരു ദേവിയെയാണോ വേദങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് ആ മൂകാംബികാദേവിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

ഫലശ്രുതി

മൂകാംബികാമഹാദേവ്യാഃ സ്തോത്രമേതത് ജപേദ്യദി

തസ്യ വാണീ സഭാമദ്ധ്യേ സ്ഖലിതാ ന ഭവിഷ്യതി

അര്‍ത്ഥം മൂകാംബികാദേവിയുടെ ഈ സ്തോത്രം ജപിക്കുന്നവന്റെ വാക്ക് സഭാമദ്ധ്യത്തില്‍ ഒരിക്കലും പിഴയ്ക്കുകയില്ല

2017 ല്‍ ആണെന്ന് തോന്നുന്നു സംസ്കൃത അദ്ധ്യാപകരായ ലിപി ദിലീപ് വിനായക് രാജേഷ് എന്നിവരുമൊത്ത് മൂകാംബികാ ക്ഷേത്രദര്‍ശനം നടത്തുകയുണ്ടായി . അപ്പോള്‍ മനസില്‍ തോന്നിയത് ചൊല്ലി . വിനായക് മാഷ് അത് സ്വന്തം മൊബൈലില്‍ എഴുതി സൂക്ഷിച്ചു . ആ പദ്യങ്ങള്‍ പല വട്ടം തിരുത്തി പരിഷ്കരിച്ചതാണീ സ്തോത്രം . സജ്ജനസമക്ഷം സമര്‍പ്പിക്കുന്നു.

സമര്‍പ്പണം

എന്റെ അഭിവന്ദ്യ ഗുരുനാഥന്‍ പ്രോഫ. . സുബ്രഹ്മണ്യ അയ്യര്‍ സാറിന്റെ പാദപത്മങ്ങളില്‍

അകാരാദി ഹകാരാന്താ

ന്യക്ഷരാണി നമാമ്യഹം

വര്‍ണ്ണരൂപാം ശാരദാം താം

പ്രണമാമി പുനഃ പുനഃ

ഗുരുകാരുണ്യസിന്ധ്വംബു

സ്നാതസ്യ രചനാം മമ

ഗുരുപാദാംബുജദ്വന്ദ്വേ

അര്‍പ്പയേ Sഹം യഥാവിധി

 

 

Leave a Reply

Your email address will not be published. Required fields are marked *